ന്യൂഡൽഹി: 76 ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയുടെ വേഷവിധാനം ഇത്തവണയും ശ്രദ്ധിക്കപ്പെട്ടു.പരമ്പരാഗത വെള്ള കുർത്തയും നീല ജാക്കറ്റും കറുത്ത ഷൂസുമാണ് അദ്ദേഹം അണിഞ്ഞത്. ത്രിവർണ്ണങ്ങളുള്ള തലപ്പാവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
അധികാരത്തിലേറിയ ശേഷം രാജ്യത്തിന്റെ പൊതുവായ ചടങ്ങുകളിൽ നരേന്ദ്രമോദി അണിയുന്ന വേഷവിധാനങ്ങൾ ഭാരതത്തിന്റെ പാരമ്പര്യവും മഹത്വവും വിളിച്ചോതുന്നവയാണ്. അതുകൊണ്ടു തന്നെ അവ പതിവായി വാർത്തകളിലും ഇടംപിടിക്കാറുണ്ട്
2014 മുതൽ സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തുമ്പോൾ വർണശബളമായ തലപ്പാവുകൾ ധരിച്ചാണ് പ്രധാനമന്ത്രി എത്താറുള്ളത്. കാവിയിൽ ചുവപ്പും പിങ്ക് നിറവും ചേർന്ന തലപ്പാവായിരുന്നു കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ധരിച്ചത്. 2020 ൽ അദ്ദേഹം കാവിയും ക്രീമും കലർന്ന തലപ്പാവാണ് അണിഞ്ഞത്. കാവി ബോഡറോടു കൂടിയ വെള്ള ഷാളും ക്രീം കളർ കുർത്തയ്‌ക്കൊപ്പമുണ്ടായിരുന്നു.
2019 ൽ അദ്ദേഹം വെള്ള കുർത്തയും മഞ്ഞയും ചുവപ്പും കാവിയും പച്ചയും കലർന്ന ബഹുവർണ്ണത്തിലുള്ള തലപ്പാവും കാവി ഷാളുമായിരുന്നു അണിഞ്ഞത്. 2018 ലും പ്രധാനമന്ത്രി തൂവെള്ള നിറത്തിലുള്ള കുർത്തയും ഓറഞ്ച് തലപ്പാവുമാണ് അണിഞ്ഞത്.
ക്രീം കളർ കുർത്തയും ഓറഞ്ചും ചുവപ്പും തലപ്പാവായിരുന്നു 2017 ൽ പ്രധാനമന്ത്രിയുടെ വേഷം. 2016 ൽ വെള്ള കുർത്തയും ബഹുവർണ്ണത്തിലുള്ള തലപ്പാവുമാണ് ധരിച്ചത്. 2015 ൽ ഗോൾഡൻ നിറത്തിലുള്ള കുർത്തയും ജാക്കറ്റും ബഹുവർണ്ണത്തിലുള്ള തലപ്പാവും ധരിച്ച് അദ്ദേഹം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
വിദേശപര്യടനത്തിന് പോകുമ്പോഴും പ്രധാനമന്ത്രി എപ്പോഴും പരമ്പരാഗത വസ്ത്രധാരണ രീതി മുറുകെ പിടിക്കാറാണ് പതിവ്. ലോകനേതാക്കൾ പങ്കെടുക്കുന്ന വേദികളിൽ കുർത്തയും ജാക്കറ്റും അണിഞ്ഞെത്തുന്ന പ്രധാനമന്ത്രി ഭാരതീയർക്ക് അഭിമാനമായി മാറി.
ഇന്ത്യൻ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതും ലാളിത്യമുള്ളതുമായ വസ്ത്രങ്ങൾ ധരിച്ച് എത്തുന്നത് കൊണ്ടു തന്നെ പ്രധാനമന്ത്രിയുടെ ജാക്കറ്റ് ഫാഷൻ വിപണിയിൽ വലിയ ചലനമാണ് സൃഷ്ടിക്കുന്നത്. മോദി ജാക്കറ്റ് എന്ന പേരിലാണ് ഈ രീതിയിലുള്ള ജാക്കറ്റിപ്പോൾ അറിയപ്പെടുന്നത്.
Comments