പാരീസ്: എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് ആശംസാ സന്ദേശത്തിൽ മാക്രോൺ പറഞ്ഞു.
പ്രിയ സുഹൃത്ത് നരേന്ദ്ര മോദിക്കും ഇന്ത്യയിലെ പ്രിയങ്കരരായ ജനങ്ങൾക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു. കഴിഞ്ഞ 75 വർഷങ്ങൾ കൊണ്ട് ഇന്ത്യ നേടിയ ഗംഭീരമായ നേട്ടങ്ങൾ നിങ്ങൾ അഭിമാനപൂർവ്വം ആഘോഷിക്കുന്ന ഈ വേളയിൽ, എന്നും നിങ്ങൾക്കൊപ്പം ഉറച്ച് നിൽക്കുന്ന പങ്കാളിയായി ഫ്രാൻസിനെയും പരിഗണിക്കാം. മാക്രോൺ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റ ശേഷം ഇന്ത്യയുമായി മികച്ച സഹകരണം പുലർത്തുന്ന രാജ്യമാണ് ഫ്രാൻസ്. പ്രതിരോധ രംഗത്തും സുരക്ഷാ രംഗത്തും ബഹിരാകാശ ഗവേഷണ രംഗത്തും സിവിൽ ആണവ മേഖലയിലും കഴിഞ്ഞ എട്ട് വർഷങ്ങൾക്കിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ചരിത്രപരമായ ഉയരങ്ങളിൽ എത്തിയിരുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സഹകരണത്തിന് ഇരു രാജ്യങ്ങളും തമ്മിൽ പുതിയ ധാരണകളിൽ എത്തിയിരുന്നു.
Comments