കൊഹിമ: സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ സമാധാനാന്തരീക്ഷം നശിപ്പിക്കാനുള്ള ശ്രമവുമായി ഭീകരർ. നാഗാലാന്റിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു. അസംറൈഫിൾസിലെ അംഗങ്ങളായ രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം. നിരോധിത ഭീകര സംഘടനയായ യംഗ് ഔൻഗിന്റെ നേതൃത്വത്തിലുള്ള നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാന്റിൽ ചേർന്ന് പ്രവർത്തിക്കുന്ന ഭീകരരാണ് ആക്രമണം നടത്തിയത്. നാഗാലാന്റിനും, അരുണാചൽ പ്രദേശിനും ഇടയിലെ അതിർത്തി ജില്ലയായ മോനിലായിരുന്നു ആക്രമണം. രാവിലെ അസം റൈഫിൾസിന്റെ ക്യാമ്പിലേക്ക് ആയുധങ്ങളുമായി എത്തിയ 15 അംഗ ഭീകര സംഘം സേനാംഗങ്ങളെ ലക്ഷ്യമിട്ട് വെടിയുതിർക്കുകയായിരുന്നു. അസം റൈഫിൾസും ശക്തമായി തിരിച്ചടിച്ചു. ഇതിനിടെയാണ് രണ്ട് സേനാംഗങ്ങൾക്ക് പരിക്കേറ്റത്.
അസമിലെ സൈനിക ആശുപത്രിയിലാണ് പരിക്കേറ്റ ഇരുവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയുടെ അതിർത്തി മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
Comments