പാറ്റ്‌ന: ബിജെപിയുമായുള്ള സഖ്യം വിട്ട നിതീഷ് കുമാറിന്റെ ശൈലി ബീഹാറിലെ പുതിയ സഖ്യത്തിനും തലവേദനയാകുമെന്ന് കേന്ദ്രമന്ത്രി രാജ്കുമാർ സിംഗ് കേന്ദ്രമന്ത്രി രാജ്കുമാർ സിംഗിന്റെ പരിഹാസം. ബിജെപിയുമായുണ്ടായിരുന്ന ശക്തമായ പാലം കത്തിച്ചുകളഞ്ഞിട്ടാണ് നിതീഷ് പുതിയ ഭരണസഖ്യം ഉണ്ടാക്കിയിരിക്കുന്നത്. ഭരണത്തിലേറാൻ ആർജെഡിയുടെ ഏത് ആവശ്യവും അംഗീകരിക്കേണ്ട അവസ്ഥയിലാണ്. എന്നുവരെയാണോ തേജസ്വി താൻ ഉപമുഖ്യമന്ത്രിയായി തുടരുന്നില്ല എന്ന് പറയുന്നത് അതോടെ ആ ഭരണവും ബന്ധവും അവസാനിക്കുമെന്നും രാജ്കുമാർ പറഞ്ഞു.
’71 കാരനായ നിതീഷ് കുമാറിന് തേജസ്വിയാദവിനെ എപ്പോഴും തനിക്ക് താഴെ മാത്രമേ കാണാൻ സാധിക്കൂ. എന്ന് മുഖ്യമന്ത്രി പദത്തെക്കുറിച്ച് തേജസ്വിയാദവ് സംസാരിച്ചു തുടങ്ങുന്നുവോ അന്ന് ബന്ധം തകരും. ബിജെപിയുമായി സഖ്യമുണ്ടായിരുന്ന സമയത്ത് നിതീഷിന്റെ ഒറ്റയാൻ ശൈലി എല്ലാവർക്കും അറിയാമായിരുന്നു. സഖ്യകക്ഷിയിലെ ഒരു മന്ത്രിയെപ്പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചിരുന്നില്ല. ഇപ്പോഴിതാ ലാലു പ്രസാദ് യാജവിന്റെ പടിവാതിലിൽ പോലും ഏത് പാതിരാത്രിയിലും എത്തുവാൻ നിതീഷിന് ഒരു മടിയുമില്ല.’ രാജ്കുമാർ സിംഗ് പറഞ്ഞു.
ബീഹാറിലെ ഭരണ നഷ്ടത്തിൽ ബിജെപിയ്‌ക്ക് യാതൊരു വിഷമവുമില്ല. ഒരു നേതാവിനും കക്ഷിക്കും നൽകേണ്ട എല്ലാ ബഹുമാനവും നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബദലാകുമെന്ന ജനതാദൾ നേതാവിന്റെ മോഹത്തോട് സഹതാപമേയുള്ളുവെന്നും രാജ്കുമാർ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ ഏത് നേതാവാണ് നിതീഷിനെ അംഗീകരിക്കാൻ തയ്യാറായിട്ടുള്ളത് എന്നുകൂടി പറഞ്ഞാൽ കൊള്ളാമെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. പരസ്പര വിശ്വാസം എന്ന രാഷ്‌ട്രീയത്തിലെ അത്യന്താപേക്ഷിതമായ ഗുണം തനിക്കില്ലെന്ന് തെളിയിച്ച നിതീഷിനെ ആര് വിശ്വസിക്കുമെന്നും ഭാവിയിൽ ഒരിക്കൽ പോലും ബിജെപി നിതീഷിനെ കൂടെക്കൂട്ടില്ലെന്നും രാജ്കുമാർ പറഞ്ഞു.
Comments