മലപ്പുറം: മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തൃശ്ശൂർ ചാവക്കാട് സ്വദേശിയായ പണിക്കവീട്ടിൽ മുഹമ്മദ് ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രണ്ട് വർഷം മുൻപായിരുന്നു കേസിന് ആസ്പദമായ സംഭവം. കുട്ടിയുടെ മാതാവിനെ ചികിത്സിക്കുന്നതിന് വേണ്ടി ഇയാൾ മലപ്പുറത്ത് എത്തിയിരുന്നു. അപ്പോഴായിരുന്നു പീഡന ശ്രമം. സംഭവ ശേഷം ഒളിവിൽ പോയ ഇയാളെ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് വീട്ടിൽ നിന്നും വൈകീട്ടോടെ മുഹമ്മദിനെ പിടികൂടിയത്. സമാന രീതിയിൽ ഇയാൾ മറ്റ് പലരെയും തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഹമ്മദിന്റെ ഫോണിൽ നിന്നും ലഭിച്ചതായി പോലീസ് പറഞ്ഞു.
കേവലം നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മുഹമ്മദ് ആശാരിപ്പണി ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. ഇതിനിടെയായിരുന്നു വ്യാജ ചികിത്സ. മുഹമ്മദ് തങ്ങൾ കുടുംബത്തിലെ ആളെന്ന് പറഞ്ഞായിരുന്നു ആളുകളെ തട്ടിപ്പിന് ഇരയാക്കിയിരുന്നത്.
Comments