എറണാകുളം : പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ മോൺസൻ മാവുങ്കലും പോലീസും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. പോലീസ് വാഹനം ഇയാൾ ദുരുപയോഗം ചെയ്തു. കൊറോണ കാലത്ത് മോൺസന്റെ കൂട്ടുകാർക്കായി ഐ ജി ലക്ഷ്മണ വ്യാപകമായി പാസുകൾ നൽകി . ഇവ എല്ലാം വ്യക്തമാക്കുന്ന വാട്സ് ആപ്പ് ചാറ്റുകളും ഫോൺ സംഭാഷണവുമാണ് പുറത്ത് വന്നത്.
മോൺസന്റെ വീട്ടിൽ നിന്ന് തേങ്ങ കൊണ്ട് വന്നത് ഡിഐജിയുടെ കാറിലാണെന്ന് വെളിപ്പെടുത്തിയത് മുൻ ഡ്രൈവർ ജെയ്സനാണ്. മോൺസന്റെ സഹോദരിയുടെ ചേർത്തലയിലെ വീട്ടിൽ നിന്നായിരുന്നു ഔദ്യോഗിക വാഹനത്തിൽ തേങ്ങയും മീനും കൊണ്ട് വന്നത്. ഇതിന്റെ തെളിവുകളും ജെയ്സൺ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
മോൺസന്റെ കൂട്ടുകാർക്കായി പാസ് നൽകിയത് കലൂരിലെ വീട്ടിൽ നിന്ന് ഐ ജി ലക്ഷ്മണയുടെ പേരിൽ ആണെന്നും ആരോപണം ഉണ്ട്. പുരാവസ്തു തട്ടിപ്പ് കേസ് സിബിഐയ്ക്ക് കൈമാറണം എന്ന ആവശ്യവും ഇതിനിടയിൽ ഉയർന്നിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അനുകൂലിച്ച് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു . ഇതിന് പിന്നാലെയാണ് കേസ് സിബിഐയ്ക്ക് വിടണം എന്ന ആവശ്യം ഉയർന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ല. തെളിവുകൾ പലതും അട്ടിമറിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസിൽ പ്രതികളാണ്. ക്രൈംബ്രാഞ്ചിന് അന്വേഷണം നടത്താൻ പരിമിതികൾ ഉണ്ട്. യാഥാർത്ഥ പ്രതികൾ പലരും ഇപ്പോഴും പിടിയിലായില്ല തുടങ്ങിയ കാര്യങ്ങളാണ് പുതിയ പരാതിയിൽ പറയുന്നത്.
Comments