ലാഹോർ: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ യാത്രക്കാരുമായി വന്ന ബസ്സും എണ്ണ ടാങ്കറും തമ്മിൽ കൂട്ടിയിടിച്ച് 20 പേർ വെന്തു മരിച്ചു. ഇരു വാഹനങ്ങളും അമിത് ആവേഗതയില്ലായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ലാഹോറിൽ നിന്നും കറാച്ചിയിലേക്ക് പോവുകയായിരുന്ന ബസ്സാണ് എണ്ണ ടാങ്കറുമായി കൂട്ടി മുട്ടിയത്. ഇടിയുടെ ആഘാതത്തിൽ എണ്ണ ടാങ്കറിന് തീ പിടിക്കുകയും ബസ്സിലേക്ക് തീ പടരുകയുമായിരുന്നു. ബസ്സിനുള്ളിൽ കുടുങ്ങിയ 20 പേർ രക്ഷപ്പെടാനാവാതെ വെന്തു മരിച്ചു.
ബസ്സിലെ യാത്രക്കാരിൽ പൊള്ളലേറ്റ 6 പേരെ റെസ്ക്യൂ ടീമെത്തി മുൾട്ടാനിലെ നിഷ്താർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹങ്ങൾ ഡിഎൻഎ ടെസ്റ്റ് നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് റെസ്ക്യൂ 1122 വക്താവ് അറിയിച്ചു. അപകടത്തിൽ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി പർവേസ് ഇലാഹി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ നല്കാൻ ആശുപത്രി അധികാരികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള അടിയന്തിര ഡി എൻ എ ടെസ്റ്റുകൾ നടത്തുന്നതിന് ബന്ധുക്കൾ സഹകരിക്കണമെന്നും അദ്ദേഹംപറഞ്ഞു.
Comments