വയനാട്: നടവയൽ നെയ്ക്കുപ്പ വനവാസി കോളനിയിലെ കുട്ടികളെ അയൽവാസി മർദ്ദിച്ചെന്ന് പരാതി. കൃഷിയിടത്തിലൂടെ നടന്നുവെന്ന് ആരോപിച്ചാണ് മർദ്ദനം.
ആറും ഏഴും വയസുള്ള 3 കുട്ടികൾക്കാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം.കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്ന് കുട്ടികൾ പറഞ്ഞു. സംഭവത്തിൽ അയൽവാസിയായ രാധാകൃഷ്ണനെതിരെ കേണിച്ചിറ പോലീസ് കേസെടുത്തു.
ശീമക്കൊന്നയുടെ തടികൊണ്ടാണ് കുട്ടികളെ മർദ്ദിച്ചത്. കുട്ടികളുടെ കാലിനും പുറത്തും പരുക്കേറ്റിട്ടുണ്ട്. നടക്കാൻ വയ്യാത്ത നിലയിലാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതരിൽ നിന്ന് വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
‘തോട്ടിൽ മീൻ പിടിക്കുകയായിരുന്നു കുട്ടികൾ. അവരോട് കയറിപ്പോകാൻ പറഞ്ഞാൽ മതിയായിരുന്നു. അത് ചെയ്യാതെ വയലിലിട്ട് പോത്തിനെ തല്ലുന്നതു പോലെ തല്ലുകയായിരുന്നുവെന്ന് കുട്ടികളുടെ ബന്ധുവായ ബിന്ദു ആരോപിച്ചു.
Comments