ശ്രീനഗർ: ജമ്മുകശ്മീർ കോൺഗ്രസ് പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അദ്ധ്യക്ഷനായി ചുമതലയേറ്റ് മണിക്കൂറുകൾക്കകമാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ രാജി. ചില ആരോഗ്യ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പുതിയ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറിയതെന്നാണ് വിവരം.
അദ്ധ്യക്ഷ ചുമതല ഏൽപ്പിക്കുന്നതിനായി തന്നെ തിരഞ്ഞെടുത്തതിൽ നന്ദിയുണ്ടെന്നും നിലവിലെ ആരോഗ്യപ്രശ്നങ്ങൾ മൂലം ചുമതലയിൽ നിന്ന് ഒഴിയുകയാണെന്നും അദ്ദേഹം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ചയാണ് ജമ്മുകശ്മീരിൽ പുതുതായി കോൺഗ്രസ് പ്രചാരണ സമിതി രൂപീകരിച്ചത്. പിസിസി അദ്ധ്യക്ഷനും വർക്കിംഗ് പ്രസിഡന്റും സ്ഥിരം ക്ഷണിതാക്കളുമടങ്ങുന്ന 11 നേതാക്കൾ ചേർന്നതാണ് പ്രചാരണ സമിതി. ജി.എം സരൂരി കൺവീനറായപ്പോൾ താരിഖ് ഹമീദ് കാരയെ വൈസ് ചെയർമാനായി പ്രചാരണ കമ്മിറ്റിയിൽ നിയമിച്ചു. സോണിയ ഗാന്ധിയാണ് ഇരുവരെയും നിയമിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ഗുലാം നബി ആസാദിന്റെ രാജി.
നേരത്തെ കശ്മീർ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് ഗുലാം അഹമ്മദ് മിർ ആയിരുന്നു ഉണ്ടായിരുന്നത്. ഇദ്ദേഹം ആസാദിന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. പ്രചാരണ കമ്മിറ്റിയിലെയും കോൺഗ്രസിന്റെ ജമ്മുകശ്മീർ ഘടകത്തിലെയും അംഗങ്ങളിൽ മാറ്റം വരുത്തിയതിൽ പല മുതിർന്ന നേതാക്കൾക്കും വിയോജിപ്പുണ്ടെന്നാണ് സൂചന.
Comments