ശ്രീനഗർ: വാഹനങ്ങളിൽ സുരക്ഷ നമ്പർപ്ലേറ്റുകൾ സ്ഥാപിക്കാൻ നിർദേശിച്ച് ശ്രീനഗർ പോലീസ്. ഭീകരർ വാഹനങ്ങൾ ഗതാഗതത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് വാഹനങ്ങളിൽ ഹൈ-സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ (എച്ച്എസ്എൻപി) സ്ഥാപിക്കാൻ ആവശ്യപ്പെട്ടത്.
വാഹനങ്ങളുടെ മുൻഭാഗത്തും പിൻഭാഗത്തും എച്ച്എസ്എൻപി സ്ഥാപിക്കാനാണ് നിർദേശം. വാഹനഉടമകളോട് വാഹനങ്ങൾ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്ന അവസരത്തിൽ വിശദമായ പരിശോധനകൾ നടത്തണം. വാഹനം കൈമാറുന്നതിന് മുൻപ് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും വിവരങ്ങൾ അന്വേഷിച്ചറിയണമെന്നും പോലീസ് അഭ്യർത്ഥിച്ചു.
വാഹനങ്ങളിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള വസ്തുക്കളോ, ഘടകങ്ങളോ കണ്ടെടുത്താൽ വാഹന ഉടമയ്ക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും നിയമ നടപടി ക്രമങ്ങളെ കുറിച്ചുള്ള അജ്ഞത കണക്കിലെടുക്കില്ലെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. നമ്പർപ്ലേറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഗതാഗത അധികൃതരും മുന്നറിയിപ്പ് നൽകിയിരുന്നു.
ശ്രീനഗറിൽ സുരക്ഷസേന ഭീകരനുമായി നടന്ന ഏറ്റുമുട്ടലിൽ അക്രമിക്കാൻ ഉപയോഗിച്ച സ്കൂട്ടറിന്റെ മുൻ ഭാഗത്ത് എച്ച്എസ്എൻപി ഉണ്ടായിരുന്നില്ലെങ്കിലും പിൻ വശത്തെ നമ്പർ ചെളി കൊണ്ട് മൂടിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Comments