എറണാകുളം : കോടിയേരിക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് ധരിക്കേണ്ട. ഗവർണർ ആർഎസ്എസിന്റെ താൽപര്യമനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നിയമവാഴ്ച ഉറപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നത്.ഗവർണറുമായി ബിജെപിയോ ആർഎസ്എസോ ആശയവിനിമയം നടത്താറില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ചട്ടം ലംഘിച്ച് സ്വന്തക്കാരെ തിരുകി കയറ്റുന്ന പരിപാടിയാണ് പിണറായി വിജയൻ ചെയ്യുന്നത് .രാജ് ഭവനെ വലിച്ചിഴച്ച് അഴിമതിയെ മറയ്ക്കാൻ ശ്രമിക്കരുത്. രാജ്ഭവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ നിലപാട് തിരുത്തണം.ഓർഡിനൻസ് രാജ് കൊണ്ട് വന്ന് നിയമ വാഴ്ചയെ അട്ടിമറിക്കാൻ ശ്രമം നടത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട്ടെ കൊലപാതകം സിപിഎം പ്രവർത്തകരാണ് നടത്തിയത് എന്ന് ആദ്യമെ തന്നെ പറഞ്ഞിരുന്നതാണ്. ഇപ്പോൾ പ്രതികൾ തന്നെ അത് സമ്മതിച്ചിരിക്കുകയാണ്. എഫ്ഐആറിൽ ബിജെപിയുടെയും ആർഎസ്എസിന്റെയും പേര് പറഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം. പരസ്യമായി ബിജെപിയുടെയും ആർഎസ്എസിന്റെയും പേര് പറഞ്ഞ എസ്പിക്കെതിരെ നടപടി എടുക്കണം. അതിന് തയ്യാറായില്ലെങ്കിൽ ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments