ഛണ്ഡീഗഡ്: രാജ്യത്ത് വീണ്ടും ഡ്രോൺ അയച്ച് പ്രകോപനം സൃഷ്ടിച്ച് പാകിസ്താൻ. പഞ്ചാബിലാണ് വീണ്ടും അതിർത്തി കടന്ന് ഡ്രോൺ എത്തിയത്. ബിഎസ്എഫ് വെടിയുതിർത്തതോടെ ഡ്രോൺ പാകിസ്താൻ ഭാഗത്തേക്ക് പോയി.
വൈകീട്ടോടെയായിരുന്നു സംഭവം. പഞ്ചാബിലെ അട്ടാരി അതിർത്തിയ്ക്ക് സമീപമാണ് ഡ്രോൺ എത്തിയത്. ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബിഎസ്എഫ് ഡ്രോൺ കണ്ടത്. ഉടനെ വെടിയുതിർക്കുകയായിരുന്നു. എന്നാൽ ഡ്രോൺ അന്താരാഷ്ട്ര അതിർത്തി കടന്ന് തിരികെ പോകുകയായിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ ബിഎസ്എഫ് പരിശോധന ആരംഭിച്ചു. ആയുധങ്ങളോ, ലഹരിയോ കടത്തുന്നതിന് വേണ്ടിയാണ് ഡ്രോൺ എത്തിയത് എന്നാണ് സംശയിക്കുന്നത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് മൂന്നാം തവണയാണ് രാജ്യത്ത് അതിർത്തി കടന്ന് ഡ്രോൺ എത്തിയത്. രാവിലെ രണ്ട് തവണ ജമ്മു കശ്മീർ അതിർത്തിയിൽ ഡ്രോൺ എത്തിയിരുന്നു. ആയുധങ്ങളുമായെത്തിയ ഒരു ഡ്രോൺ ഫാലിയൻ മണ്ഡൽ മേഖലയിൽ അവ നിക്ഷേപിച്ച ശേഷം തിരികെ പോയിരുന്നു. ഇതിന് ശേഷം ജമ്മു കശ്മീരിലെ കത്വയിലും ഡ്രോൺ എത്തിയിരുന്നു.
Comments