ബംഗളൂരു: വിവാദ ആത്മീയ നേതാവ് നിത്യാനന്ദയ്ക്കെതിരെ വീണ്ടും അറസ്റ്റ് വാറന്റുമായി കോടതി. പീഡന കേസിലാണ് ബംഗളൂരുവിലെ രാംനഗര സെഷൻസ് കോടതി ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തിരിക്കുന്നത്. 2010ൽ ആത്മീയ കാര്യങ്ങൾക്കായി എത്തിയ വനിതയെ നിത്യാനന്ദ പീഡിപ്പിച്ചെന്നാണ് കോടതി കണ്ടെത്തിയത്.
മുൻ കാർഡ്രൈവർ ലെനിന്റെ പരാതിയിലാണ് കേസ് എടുത്തത്. നിത്യാനന്ദ രാജ്യത്തിന് പുറത്തേക്ക് ഒളിച്ചുകടന്നതോടെയാണ് ജാമ്യം റദ്ദായത്. ഇതിലാണ് നിലവിലെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
കോടതി നേരത്തെ ഓപ്പൺ വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പോലീസിന് നിത്യാനന്ദയെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തതാണ് ജാമ്യമില്ലാ വകുപ്പ് ചുമത്താൻ കാരണം. 2019ൽ പുറപ്പെടുവിച്ച സമൻസിന് നിത്യാനന്ദ മറുപടി നൽകിയിരുന്നില്ല. സെപ്തംബർ 23 വരെയാണ് നിലവിലെ നോട്ടീസിന് പ്രാബല്യമുള്ളത്.
സ്വയം കൈലാസം എന്ന് വിശേഷിപ്പിക്കുന്ന ലോകത്തിലെ ഏതോ ഒരു പ്രദേശത്താണ് നിത്യാനന്ദ നിലവിലുള്ളത് എന്നാണ് നിഗമനം. വിശ്വാസികളിൽ ആരുമായും ബന്ധപ്പെടാതെ നടത്തിയ ഒളിച്ചോട്ടത്തിൽ അന്വേഷണം തുടരുകയാണ്.
Comments