തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കാപ്പ ചുമത്താനുളള നീക്കത്തിൽ പിണറായി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. ഇത്രയും പേടിത്തൊണ്ടനായ ഒരു മുഖ്യമന്ത്രിയെ രാഷ്ട്രീയ കേരളം ഇന്നുവരെ കണ്ടിട്ടില്ല എന്ന് സുധാകരൻ വിമർശിച്ചു.
ഫർസീൻ മജീദിനെ പോലുള്ള ഉശിരുള്ള പോരാളികളെ കാണുമ്പോൾ ഉടുമുണ്ട് നനയുന്നുണ്ടെങ്കിൽ ചികിത്സ വേണ്ടത് മുഖ്യമന്ത്രിക്കാണ് എന്ന് സുധാകരൻ പരിഹസിച്ചു. പിണറായി വിജയന്റെ പേടി മാറ്റാൻ അരയിൽ കെട്ടേണ്ട ഏലസ്സല്ല കാപ്പ നിയമം എന്ന് പോലീസിനെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഭയന്നോടിയാൽ പ്രതിഷേധവുമായി ജനങ്ങൾ പുറകെ വരും. കാപ്പയല്ല, വെടിക്കോപ്പുകൾ പ്രയോഗിച്ചാലും കോൺഗ്രസ് തരിമ്പും ഭയക്കില്ല എന്നും കെപിസിസി അദ്ധ്യക്ഷ പറയുന്നു. എത്ര കള്ളക്കേസുകൾ ചമച്ചാലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ തങ്ങൾക്ക് വിശ്വാസമുണ്ട്. പ്രതിഷേധിച്ച സമര ഭടൻമാർക്കുള്ള സംരക്ഷണം തങ്ങൾ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments