മുംബൈ: 26/11ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ രാജ്യത്ത് ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ്. മുംബൈ പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. പാകിസ്താനിൽ നിന്നുള്ള ഒരു ഫോൺ നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്നാണ് വിവരം. മുംബൈ പോലീസിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശം അയച്ചിരിക്കുന്നത്. ആറ് പേർ ചേർന്ന് ഇന്ത്യയിൽ ഭീകരാക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മുംബൈ പോലീസ് അറിയിച്ചു. പോലീസിന് പുറമെ മറ്റ് കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ നിന്ന് കഴിഞ്ഞ ദിവസം ആയുധങ്ങളും സ്ഫോടക വസ്തുക്കളുമായെത്തിയ ബോട്ട് പിടികൂടിയിരുന്നു. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.
രാജ്യത്തെ നടുക്കിക്കൊണ്ടാണ് പാകിസ്താനിൽ നിന്നുള്ള ഭീകരർ 2008 നവംബർ 26ന് മുംബൈയിൽ ഭീകരാക്രമണം നടത്തിയത്. ലഷ്കർ ഭീകരർ നടത്തിയ ആക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Comments