കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ മോഷണം. മോഷണം പോയ വിഗ്രഹം മണിക്കൂറുകൾക്കുള്ളിൽ സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് സംഭവം. ക്ഷേത്രപൂജാരി എത്തിയപ്പോൾ പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു.
ശ്രീകോവിലിന്റെ പൂട്ട് തകർത്ത് കയറിയ കള്ളൻ പഞ്ചലോഹ വിഗ്രഹം ഇളക്കി എടുക്കുകയായിരുന്നു. അഞ്ച് കിലോ ഭാരവും രണ്ടരയടി ഉയരവുമുള്ള വിഗ്രഹമാണിത്. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളും കുത്തിത്തുറന്ന നിലയിലായിരുന്നു. എന്നാൽ ഭണ്ഡാരത്തിനുള്ളിൽ നിന്ന് പണം മോഷണം പോയിട്ടുമില്ല.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാളാണോ ഒന്നിൽ കൂടുതൽ പേരാണോ മോഷണ സംഘത്തിൽ ഉണ്ടായിരുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു. ക്ഷേത്രത്തിൽ നിന്ന് മറ്റൊന്നും നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ഭാരവാഹികൾ പറഞ്ഞു.
Comments