പെർത്ത്: ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും നാവികസേനകൾ സംയുക്തമായി നടത്തിയ സമുദ്ര പരിശീലനത്തിന് സമാപനമായി. ഇന്ത്യയുടെ ഐഎൻഎസ് സുമേധയും ഓസ്ട്രേലിയയുടെ എച്ച്എംഎഎസ് അൻസാക്കുമാണ് പരിശീലനത്തിൽ പങ്കെടുത്തത്. സേനകൾ തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിനും പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിനുമാണ് ഇത്തരത്തിൽ പരിശീലനം സംഘടിപ്പിച്ചതെന്ന് ഇരു രാജ്യങ്ങളുടെയും നാവിക സേന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി അന്റാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളിൽ ദേശീയ പതാക ഉയർത്തുകയെന്ന ദൗത്യത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തിലാണ് ഐഎൻഎസ് സുമേധ ഓസ്ട്രേലിയൻ തീരത്ത് എത്തിയത്. സമുദ്ര മേഖലയിൽ വിവിധ രാജ്യങ്ങളുമായി സൗഹൃദം നിലനിർത്തുക എന്ന ലക്ഷ്യവുമായാണ് കപ്പൽ പെർത്തിലെത്തിയത്.
തദ്ദേശീയമായി നിർമ്മിച്ച നേവൽ ഓഫ്ഷോർ പട്രോൾ കപ്പലാണ് ഐഎൻഎസ് സുമേധ . വിശാഖപട്ടണം ആസ്ഥാനമായുള്ള ഇന്ത്യൻ നാവികസേനയുടെ ഈസ്റ്റേൺ ഫ്ലീറ്റിന്റെ ഭാഗമാണ് ഐഎൻഎസ് സുമേധ. ഈസ്റ്റേൺ നേവൽ കമാൻഡിലെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Comments