ഡൽഹി: ആന്ധ്രാപ്രദേശിലെ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ നിരവധി വികസന പദ്ധതികൾ അദ്ദേഹം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. മൂന്ന് മാസത്തിനിടയിൽ രണ്ടാം തവണയാണ് പ്രധാനമന്ത്രിയുമായി റെഡ്ഢി കൂടിക്കാഴ്ച നടത്തുന്നത്.
സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾക്കുള്ള അനുമതി, പോളവാരം അണക്കെട്ട് തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമായും ചർച്ച നടത്തി. പോളവാരം പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് പ്രധാനമന്ത്രിക്ക് മുന്നിൽ റെഡ്ഢി സമർപ്പിച്ചു. ഡൽഹിയിലെത്തിയ റെഡ്ഢി കേന്ദ്ര മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുമെന്ന് കരുതുന്നു. ഏപ്രിൽ മാസത്തിൽ പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോൾ സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് അദ്ദേഹം നിരവധി വിഷയങ്ങളിൽ ചർച്ച നടത്തിയിരുന്നു.
പോളവാരം പദ്ധതിക്ക് 55,548.87 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 29,000 കോടി രൂപ നൽകി. പദ്ധതി പൂർത്തീകരണത്തിന് ഏകദേശം 31,118 കോടി രൂപ തുടർന്നും വേണ്ടി വരും. ഭൂമി ഏറ്റെടുക്കലും ജനങ്ങളുടെ പുനരധിവാസംവും ഉൾപ്പെടെ നടപ്പിലാക്കുന്നതിനായി വലിയ ചിലവ് വരുന്നതിനാൽ പണം എത്രയും വേഗം കൈമാറണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
Comments