ഗുവാഹട്ടി: അസമിൽ ഭീകര സംഘടനയുമായി ബന്ധമുള്ള ഇസ്ലാമിക പുരോഹിതന്മാർ അറസ്റ്റിൽ. അൽഖ്വായ്ദയുടെ ഇന്ത്യൻ ഘടകവുമായി ചേർന്ന് പ്രവർത്തിക്കുന്ന രണ്ട് ഇസ്ലാമിക പുരോഹിതന്മാരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് ശേഷമായിരുന്നു അറസ്റ്റ്.
ടിൻക്കോണിയ ശാന്തിപൂർ മസ്ജിദിലെ ഇമാമായ അബ്ദുസ് സോബാബാൻ, തിൽപാര മസ്ജിദ് ഇമാമായ ജലാലുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. മുസ്ലീം യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരും. ചോദ്യം ചെയ്യലിൽ ഇത് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ യുഎപിഎ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷമായി ഇവരുടെ നേതൃത്വത്തിൽ അൽഖ്വായ്ദയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. നിരവധി ജിഹാദി സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.
മസ്ജിദുകളിൽ മതപരിപരിപാടികൾ എന്ന പേരിൽ യുവാക്കളെ സംഘടിപ്പിച്ചുകൊണ്ടാണ് ഇവരുടെ പ്രവർത്തനങ്ങൾ. ഇത്തരത്തിലുള്ള പരിപാടികളിൽ ബംഗ്ലാദേശിൽ നിന്നുള്ള ജിഹാദികളാണ് പ്രഭാഷകർ. ഇവരുടെ പ്രഭാഷണങ്ങളിൽ പ്രലോഭിതരാകുന്ന യുവാക്കളാണ് പിന്നീട് ഭീകര സംഘടനകളിൽ ചേരുന്നത്.
ഇമാമുകളുടെ പക്കൽ നിന്നും മൊബൈൽ ഫോണും ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തു. ഇതിന് പുറമേ ഇവരുടെ മുറികളിൽ നിന്നും രാജ്യവിരുദ്ധ ഉള്ളടക്കങ്ങൾ അടങ്ങിയ നിരവധി പുസ്തകങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
Comments