തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന നാല് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ബുധനാഴ്ച പത്തംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും, വ്യാഴാഴ്ച കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് മഴയ്ക്ക് ശമനമുണ്ടാകും. വെള്ളിയാഴ്ച ഇടുക്കി ജില്ലയിൽ മാത്രമാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്.
അതേസമയം ഇന്ന് രാവിലെ മുതൽ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയാണ് ലഭിക്കുന്നത്. നിലവിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ട്. എന്നാൽ വരും മണിക്കൂറുകളിൽ മഴ ശക്തമായി തന്നെ തുടരും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
Comments