മുംബൈ: മുംബൈയിൽ വീണ്ടും ഭീഷണി സന്ദേശം. പ്രമുഖ ഹോട്ടലിൽ 4 ഇടത്ത് ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു അജ്ഞാത സന്ദേശം. മുംബൈയിൽ 26/11 മാതൃകയിൽ ആക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ച് ദിവസങ്ങൾക്ക് പിന്നാലെയാണ് ഈ സംഭവം. ഹോട്ടലിൽ നാലിടത്ത് ബോംബുകൾ സൂക്ഷിച്ചിട്ടുണ്ടെന്നും, അത് നിർവീര്യമാക്കണമെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് അജ്ഞാതൻ ഹോട്ടലിലേക്ക് വിളിച്ചത്.
ഹോട്ടലിൽ പോലീസ് സംഘമെത്തി പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ ബോംബ് കണ്ടെത്താനായില്ല. ഹോട്ടൽ അധികൃതർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയും ആക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം മുംബൈ പോലീസിന് ലഭിച്ചിരുന്നു.
പാകിസ്താനിൽ നിന്നുള്ള ഒരു ഫോൺ നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയത്. ആറ് പേർ ചേർന്ന് ഇന്ത്യയിൽ ഭീകരാക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഇതിന്മേൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം എത്തിയത്. രാജ്യത്തെ നടുക്കിക്കൊണ്ടാണ് പാകിസ്താനിൽ നിന്നുള്ള ഭീകരർ 2008 നവംബർ 26ന് മുംബൈയിൽ ഭീകരാക്രമണം നടത്തിയത്. ലഷ്കർ ഭീകരർ നടത്തിയ ആക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Comments