ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ജെഡിയുവിന് കനത്ത തിരിച്ചടി. പാർട്ടിയുടെ സംസ്ഥാനത്തെ ഏക എംഎൽഎ ബിജെപിയിൽ ചേർന്നു. എംഎൽഎ ടെക്കി കാസോയാണ് ജെഡിയു വിട്ട് ബിജെപി അംഗത്വം സ്വീകരിച്ചത്. ഇറ്റാനഗർ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് കാസോ.
ജെഡിയു വിട്ട് ബിജെപിയിൽ ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വൈകീട്ട് കാസോ അരുണാചൽ പ്രദേശ് ഡെപ്യൂട്ടി സ്പീക്കർക്ക് അപേക്ഷ നൽകിയിരുന്നു. ഇതോടെയാണ് ബിജെപിയിൽ ചേരുന്ന വിവരം പുറത്തായത്. ഈ ആവശ്യം ഡെപ്യൂട്ടി സ്പീക്കർ അംഗീകരിച്ചതോടെ ബിജെപിയിൽ ചേരുകയായിരുന്നു.
60 അംഗ നിയമസഭയിൽ 48 എംഎൽഎമാരായിരുന്നു ബിജെപിയ്ക്ക് ഉണ്ടായിരുന്നത്. കാസോ കൂടി ബിജെപിയിൽ ചേർന്നതോടെ നിയമസഭയിൽ ബിജെപി എംഎൽഎമാരുടെ എണ്ണം 49 ആയി. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളാണ് ജെഡിയുവിന് ലഭിച്ചത്. 2020 ൽ ഇതിൽ ആറ് പേർ ബിജെപിയിൽ ചേർന്നിരുന്നു.
Comments