കടൽ തീരങ്ങളിലേയ്ക്ക് പോകുന്ന വിനോദ സഞ്ചാരികൾക്ക് മുന്നറിയിപ്പ്. യുകെ, അയർലന്റ് എന്നിവിടങ്ങളിലെ ബീച്ചുകളിൽ കാണപ്പെടുന്ന ഒരു പ്രത്യേക ഇനം മത്സ്യത്തെ സംബന്ധിച്ചാണ് വിനോദ സഞ്ചാരികൾക്ക് റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷൻ (RNLI) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വീവർ മത്സ്യങ്ങളെ സൂക്ഷിക്കണമെന്നാണ് നിർദ്ദേശം. ചെറിയ മത്സ്യമാണെങ്കിലും ഇവയുടെ കുത്തേറ്റാൽ മനുഷ്യൻ അബോധാവസ്ഥയിലാകുമെന്നാണ് റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷൻ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇളം നിറമുള്ള മത്സ്യമാണ് വീവർ. ഇവ കടൽത്തീരങ്ങളിലെ മണൽത്തരികളിൽ ഒളിച്ചിരിക്കുമെന്നും അവയുടെ മുള്ളുകൾ മണൽത്തരികൾക്ക് മുകളിലായി ഉയർന്ന് നിൽക്കുമെന്നും പറയുന്നു. മൂന്ന് വിഷ മുള്ളുകളുള്ള വീവർ മത്സ്യത്തിന്റെ കുത്തേറ്റാൽ നല്ല വേദനയാണ്. പൊതുവെ അപകടം വരുത്തുന്നില്ല എങ്കിലും വേദനയും നീരും ഉറപ്പാണ്. മാത്രമല്ല, കുത്തേൽക്കുന്ന വ്യക്തിയുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കും മറ്റ് അവസ്ഥകൾ. പലർക്കും ബോധക്ഷയം വരെ സംഭവിച്ചേക്കാമെന്നും അതിനാൽ കടൽത്തീരങ്ങളിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും യുകെയിലെ ജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും അധികൃതർ മുന്നറിയിപ്പ് നൽകി.
വീവർ മത്സ്യത്തിന്റെ കുത്തേറ്റാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും ആർഎൻഎൽഐ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. വീവർ മത്സ്യങ്ങളുടെ കുത്തേറ്റാൽ ഉടൻ തന്നെ ലൈഫ് ഗാർഡിനെ അറിയിക്കുകയും വൈദ്യ സഹായം തേടുകയും ചെയ്യണമെന്ന് പ്രസ്താവനയിൽ പറയുന്നു. കുത്തേൽക്കുന്നവർക്ക് അലർജി വരുന്നത് തടയാൻ മരുന്നുകൾ നൽകാനും ചികിത്സാ സഹായം തേടിയവരെ പരിപാലിക്കുന്നതിനും ചാരിറ്റിയുടെ ലൈഫ് ഗാർഡുകളെ സമുദ്രതീരങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. ആഴം കുറഞ്ഞ സ്ഥലങ്ങളിൽ നീന്തുമ്പോൾ വെറ്റ്സ്യൂട്ട് ബൂട്ടുകളോ നീന്തൽ ഷൂകളോ ധരിക്കണം. ഇത് കൃത്യമായി പാലിച്ചാൽ വീവർ മത്സ്യങ്ങളുടെ കുത്തേൽക്കില്ല എന്നും റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷൻ പറയുന്നു.
Comments