തിരുവനന്തപുരം: മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ടിന്റെ പരിപാടിയിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജും കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റും പങ്കെടുക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇടത്-വലതുപക്ഷ മുന്നണികൾ മത്സരിച്ച് പോപ്പുലർഫ്രണ്ടിനെ വളർത്തുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
പോപ്പുലർഫ്രണ്ട് വാഴൂർ ഏരിയ സമ്മേളന പരിപാടിയുടെ ഉദ്ഘാടകരായാണ് ചീഫ് വിപ്പും, പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് വെള്ളേഴത്തും പങ്കെടുക്കുന്നത്. ഇതിന്റെ ബ്രോഷറുകൾ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി കെ. സുരേന്ദ്രൻ രംഗത്ത് വന്നിട്ടുള്ളത്.
നിയമസഭാ ചീഫ് വിപ്പ് ജയരാജിനു പിന്നാലെ കോൺഗ്രസിന്റെ പഞ്ചായത്ത് പ്രസിഡണ്ടും പി. എഫ്. ഐ പരിപാടിയിൽ പങ്കെടുക്കുന്ന വാർത്ത കണ്ടു. അതും ആലപ്പുഴയിൽ തന്നെ. ഇരുമുന്നണികളും മത്സരിച്ച് പോപ്പുലർ ഫ്രണ്ടിനെ വളർത്തുകയാണ്.ജന്മാഷ്ടമി പരിപാടിയിൽ കൃഷ്ണനെക്കുറിച്ച് രണ്ടുവാക്കു പറഞ്ഞതിന് മേയർക്കെതിരെ വാളെടുത്തവരും വർഗ്ഗീയതയെ വാഴാൻ വിടില്ലെന്നു വീമ്പിളക്കുന്ന സതീശൻ കമ്പനിയും മൗനവ്രതത്തിലാണ്- സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
Comments