അബുദാബി : എമിറേറ്റിലെ റോഡുകളിൽ പ്രത്യേക സംവിധാനങ്ങൾ സജ്ജമാക്കി അബൂദബി പോലീസിന്റെ ട്രാഫിക് പെട്രോൾ ടീം . വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കാനിരിക്കെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സുരക്ഷ ഉറപ്പാക്കാനാണ് പോലീസിന്റെ നടപടി.
സ്കൂളിൽ നിന്നും മടങ്ങി വരുന്ന കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകും വിധമാണ് സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്.
കവലകളിലും സ്കൂളുകൾക്ക് സമീപവും ഇടറോഡുകളിലും പെട്രോളിങ് ശക്തമാക്കും. കാൽനടക്കാരുടെ ക്രോസിങ് സുരക്ഷ ഉറപ്പാക്കും. പത്തിന് താഴെയുള്ള കുട്ടികളെ കാറിന്റെ മുൻസീറ്റിൽ ഇരുത്തരുത്. കുട്ടികളെ സ്കൂളിൽ വിടാൻ വരുമ്പോഴും കൊണ്ടുപോകുമ്പോഴും റോഡ് മുറിച്ചുകടക്കാൻ സഹായിക്കണം. നിർദിഷ്ട ഇടങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യുക. ഗതാഗതം തടസ്സപ്പെടുത്താതിരിക്കുക.
ബസിന് കാത്തുനിൽക്കുമ്പോൾ കുട്ടികളെ തെരുവിൽ കളിക്കാൻ അനുവദിക്കാതിരിക്കുക. സ്കൂൾ ബസിൽ സുരക്ഷിതമായി കയറാനും ഇറങ്ങാനും കുട്ടികൾക്ക് പരിശീലനം നൽകുക തുടങ്ങിയ നിർദേശങ്ങളും ട്രാഫിക് വിഭാഗം പുറപ്പെടുവിച്ചിട്ടുണ്ട്.. നിരത്തിൽ വാഹനങ്ങളുമായി ഇറങ്ങുന്ന ഡ്രൈവർമാർക്കും അബൂദാബി പോലീസ് കർശന നിർദേശങ്ങളാണ് നൽകിവരുന്നത്. റോഡ് നിയമം പാലിക്കാത്തതിനാൽ മാത്രം അപകടമുണ്ടായതിന്റെ വിഡിയോ ദൃശ്യങ്ങൾ അബൂദാബി പോലീസ് അടുത്തിടെ പുറത്തുവിട്ടിരുന്നു.
Comments