അഹമ്മദാബാദ് : ഗുജറാത്ത് പര്യടനത്തിനിടെ ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മയെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റയ്സാനിലുളള വീട്ടിൽ നേരിട്ടെത്തിയാണ് മോദി അമ്മയെ കണ്ടത്. അര മണിക്കൂറോളം നേരം അദ്ദേഹം ഹീരാഭായ് മോദിക്കൊപ്പം ചെലവഴിച്ചു.
രണ്ട് ദിവസത്തെ ഗുജറാത്ത് പര്യടനത്തിനായി ഇന്നലെയാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്. തുടർന്ന് ഖാദി ഉത്സവിൽ പങ്കെടുത്തതിന് പിന്നാലെ അമ്മയെ കാണാൻ വീട്ടിലേക്ക് പോയി.ശനിയാഴ്ച വൈകീട്ട് എത്തിയ മോദി അൽപനേരം വീട്ടുകാരുമായി ചെലവഴിച്ചുവെന്ന് സഹോദരൻ പങ്കജ് മോദി പറഞ്ഞു. തുടർന്ന് അദ്ദേഹം ഗാന്ധിനഗറിലുള്ള രാജ്ഭവനിലേക്ക് പോയി.
ഖാദിയെ ആഗോളവത്ക്കരിക്കുന്നതിനെ തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി ഖാദി മഹോത്സവിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞിരുന്നു. സബർമതി നദിയുടെ തീരത്ത് ഖാദി ഉത്സവിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 7,500 സ്ത്രീകളാണ് ഒരേസമയം ‘ചർക്ക’ നൂറ്റ് റെക്കോർഡ് സൃഷ്ടിച്ചത്. മോദിയും സ്വയം ചർക്ക നൂൽക്കുകയുണ്ടായി. നമ്മുടെ പൈതൃകത്തിൽ നാം അഭിമാനിക്കണമെന്നും അപ്പോൾ ലോകം മുഴുവൻ അതിനെ ബഹുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments