തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. ബിഹാറിന് മുകളിലും സമീപ മേഖലകളിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയും, തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മറ്റൊരു ചക്രവാതച്ചുഴിയുമാണ് നിലവിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണമാകുന്നത്.
കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. മഴ മുന്നറിയിപ്പുള്ള ജില്ലകളിലെ ആളുകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പുണ്ട്. യെല്ലോ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാദ്ധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
അടുത്ത മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ കാസർകോട് ഒഴികെ മുഴുവൻ ജില്ലകളിലും യെല്ലോ അലർട്ട് ആണ്. ബുധനാഴ്ച പാലക്കാട് ഒഴികെയുള്ള മുഴുവൻ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കാസർകോട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
Comments