ന്യൂഡൽഹി: മുസ്ലിം സമുദായത്തിലെ ബഹുഭാര്യത്വം ഉൾപ്പെടയുള്ള ആചാരങ്ങൾക്കെതിരെ സമർപ്പിച്ച ഹർജികൾ പരിശോധിക്കാനൊരുങ്ങി സുപ്രീം കോടതി. ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയും ജഡ്ജിമാരായ ഹേമന്ത് ഗുപ്ത, സൂര്യകാന്ത്, എംഎം സുന്ദ്രേഷ്, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ബഹുഭാര്യത്വം വിവേചനപരവും ചൂഷണപരവും സ്ത്രീ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രത്യേക ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്.
മുസ്ലിം സമുദായത്തിലെ നിരവധി ആചാരങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് പരിശോധിക്കാൻ തുടങ്ങി. ഇതുമായി ബദ്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻ എച്ച് ആർ സി), ദേശീയ കമ്മീഷൻ എന്നിവരുടെ പ്രതികരണം തേടി. അടുത്ത മാസം നടത്തുന്ന ഹിയറിംഗിന് മുന്നോടിയായി ഹർജി സമർപ്പിച്ച വനിതകൾക്കും, ദേശീയ ന്യുനപക്ഷ കമ്മീഷനും ബെഞ്ച് നോട്ടീസ് അയച്ചു.
ഇന്ത്യൻ ശിക്ഷ നിയമം 494 പ്രകാരം ബഹുഭാര്യത്വം ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കിരൺ സിംഗിന്റെയും സ്വാതന്ത്ര എൻ ജി ഒയുടെയും നേതൃത്വത്തിൽ അഞ്ചു സ്ത്രീകൾ നൽകിയ ഹർജിയുൾപ്പെടെ കോടതി പരിഗണിക്കും. ബഹുഭാര്യത്വത്തിന് പുറകെ നിക്കാഹ് ഹലാലാ, നിക്കാഹ് മിസ്യാർ, നിക്കാഹ് മുത്താഹ് തുടങ്ങിയ മുസ്ലിം സമുദായത്തിലെ ആചാരങ്ങളെ ചൂണ്ടിക്കാട്ടി നൽകിയ ഹർജിയും കോടതി പരിശോധിക്കും.
Comments