കണ്ണൂർ: കണ്ണൂർ പരിയാരം ഇൻസ്‌പെക്ടറാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് വാഹന പരിശോധന നടത്തുന്ന യുവാവ് അറസ്റ്റിൽ. കടന്നപ്പള്ളി ചന്തപ്പുരയിലെ കെ ജഗദീഷിനെയാണ് (40 ) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.
പ്രവാസിയായിരുന്ന ജഗദീഷ് കഴിഞ്ഞ രണ്ടുമാസമായി കാക്കിവേഷത്തിൽ റോഡിൽ വാഹന പരിശോധന നടത്തിവരികയായിരുന്നു.പോലീസ് യൂണിഫോം ധരിച്ച് കോട്ടുമിട്ടാണ് സഞ്ചാരം പരിശോധനാ സമയത്ത് കോട്ട് അഴിച്ചുമാറ്റും. വാഹനപരിശോധന നടത്തി ഉപദേശം നൽകി വിടുകയാണ് രീതിയെന്നും പോലീസ് വേഷത്തോടുള്ള അമിതമായ താത്പര്യമാണ് ഇൻസ്പെക്ടറായി വേഷംകെട്ടാൻ പ്രേരിപ്പിച്ചതെന്നുമാണ് യുവാവിന്റെ മൊഴി.
നാടകത്തിൽ ഉപയോഗിക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് പയ്യന്നൂരിലെ ഒരു തയ്യൽക്കടയിൽ നിന്നാണ് ജഗദീഷ് യൂണിഫോം തയ്പ്പിച്ച് വാങ്ങിയതെന്നാണ് വിവരം. പോലീസ് വേഷത്തിൽ ഇയാൾ സമൂഹമാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്.
ഇന്ന് വൈകീട്ട് പയ്യന്നൂർ കോറോത്ത് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് പോലീസിന്റെ വലയിലായത്. നിലവിൽ പരിയാരം സ്റ്റേഷനിൽ ഇൻസ്പെക്ടറില്ല. ഇത് ശ്രദ്ധയിൽപ്പെട്ട ആളുകളാണ് സ്റ്റേഷനിൽ വിവരമറിയിച്ചത്.
Comments