കണ്ണൂർ : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1,34,00,000 രൂപയോളം വില വരുന്ന സ്വർണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വർണം പിടികൂടിയത്.
ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്നിറങ്ങിയ കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് 874.300 ഗ്രാം സ്വർണം. ഇതിന് ഏകദേശം 45,40,000ത്തോളം രൂപ വില വരും. ഇതിന് പുറമെ കൊടുവള്ളി സ്വദേശിയിൽ നിന്ന് 29,74,000ത്തോളം രൂപ വിലവരുന്ന 572.650 ഗ്രാം സ്വർണവും ഉദ്യോഗസ്ഥർ പിടികൂടി.
പരിശോധന തുടരവേ ജിദ്ദയിൽ നിന്നും ബഹ്റൈൻ വഴി ഗൾഫ് എയർ വിമാനത്തിൽ വന്നിറങ്ങിയ മലപ്പുറം വെള്ളയൂർ സ്വദേശിയിൽ നിന്ന് 1132.400 ഗ്രാം സ്വർണ്ണവും കണ്ടെടുത്തു. 58,20,000ത്തോളം രൂപ വില വരുന്ന സ്വർണ്ണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
വിമാനത്താവളത്തിലൂടെ യാത്രക്കാർ സ്വർണ്ണം കടത്താൻ ശ്രമിക്കുന്നത് പതിവായതോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കിയിരുന്നു. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും സംശയം തോന്നുന്ന യാത്രക്കാരെ കേന്ദ്രീകരിച്ചും നടത്തിയ പരിശോധനയിൽ പിടികൂടിയത് കോടിക്കണക്കിന് രൂപയുടെ സ്വർണ്ണമാണ്.
Comments