കൊച്ചി : ആലുവയിൽ എൽകെജി വിദ്യാർത്ഥിനി സ്കൂൾ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. പെങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്കൂളിന്റെ ബസിൽ നിന്നാണ് കുട്ടി വീണത്. ബസിലെ എമർജൻസി വാതിലിലൂടെ വീണ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസമായിരുന്നു അപകടം. ബസിന്റെ എമർജൻസി എക്സിറ്റിലൂടെയാണ് കുട്ടി പുറത്തേക്ക് തെറിച്ചു വീണത്. ഇതോടെ നാട്ടുകാർ ഓടിയെത്തി കുട്ടിയെ എടുത്തു. ബസ് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. കുട്ടിക്ക് ഗുരുതരമായി പരിക്കില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബസിൽ കയറ്റിവിട്ടു. എന്നാൽ കുഞ്ഞിന് പ്രാഥമിക ചികിത്സ നൽകാൻ പോലും സ്കൂൾ അധികൃതർ തയ്യാറായില്ലെന്ന് കുടുംബം പറഞ്ഞു.
എന്നാൽ അപകടത്തിന് ശേഷം ബസ് ഡ്രൈവറോ സ്കൂൾ അധികൃതരോ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചില്ലെന്നാണ് കുടുംബം ആരോപിച്ചത്. മറ്റ് കുട്ടികളെ കൊണ്ടുവിട്ട ശേഷം കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങി. ഇതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴാണ് കുട്ടിക്ക് ശരീരവേദനയും ചതവും ഉണ്ടെന്ന് കണ്ടെത്തിയത്. സ്കൂളിനെതിരെ കുടുംബം പോലീസിനെ സമീപിച്ചിട്ടുണ്ട്.
Comments