ലോകത്തെ കരുത്തരായ എണ്ണം പറഞ്ഞ കടൽ സൈന്യങ്ങളുടെ പട്ടികയിൽ ഇടം നേടിയ സൈനിക ശക്തിയാണ് ഇന്ത്യൻ നേവി. കടലിൽ ശത്രുവിന്റെ നീക്കത്തെ പ്രതിരോധിക്കാൻ കാത് കൂർപ്പിച്ച് കണ്ണിമ ചിമ്മാതെ തീ തുപ്പുന്ന യന്ത്ര തോക്കുകളുമായി നിലയുറച്ച് നിൽക്കുന്ന ഇന്ത്യൻ നേവിയുടെ ചരിത്രം പുളകം കൊള്ളിക്കുന്നതാണ്.
ശത്രുവിന്റെ മേൽ തീ പടർത്തി ഞൊടിയിടയിൽ പാഞ്ഞടുത്ത മറാഠ സാമ്രാജ്യത്തിന്റെ ചക്രവർത്തി ഛത്രപതി ശിവാജിക്ക് ഇന്ത്യൻ നേവിയുടെ പിതാവെന്ന് കൂടിയൊരു വിളിപ്പേരുണ്ട്. തന്റെ രാജ്യത്തിന്റെ സംരക്ഷണത്തിനായി കരുത്തുറ്റ സൈനിക ശക്തിയെ തയ്യാറാക്കി, അതിർത്തികൾ ഭേദിച്ച് വരുന്ന അധിനിവേശ ശക്തികൾക്കെതിരെ പോരാടാൻ തയ്യാറെടുത്ത ഛത്രപതി ശിവാജിയുടെ നാവിക സൈന്യം കടലിന്റെ മുകളിൽ കഴുകന്റെ കണ്ണുമായി വട്ടമിട്ടു പറക്കുന്ന കാവൽക്കാർ കൂടിയായിരുന്നു. .
കരയുദ്ധത്തിലൂടെ മാത്രം പോരടിച്ചുകൊണ്ടിരുന്ന അക്കാലത്ത് ശിവാജി അക്ഷരാർത്ഥത്തിൽ എതിരാളികൾക്ക് നിലം തൊടാൻ സാധിക്കാത്ത തരത്തിലുള്ള പ്രതിരോധം തീർക്കുകയായിരുന്നു. കരയിലും കടലിലും ഒരു പോലെ സൈനിക അഭ്യാസം നടത്തി തന്റെ സേനകളെ അദ്ദേഹം ശക്തിപ്പെടുത്തി. അക്കാലത്ത് കടൽ മാർഗ്ഗം വഴിയാണ് കൂടുതൽ കടന്നുകയറ്റം നടന്നിരുന്നത്. തന്റെ രാജ്യത്തിനെതിരെ വരുന്ന അക്രമണകാരികളിൽ നിന്നും , കടൽ കൊള്ളക്കാരിൽ നിന്നും രക്ഷ നേടാൻ യുദ്ധോപകരണങ്ങളും , തോക്കുകളും പീരങ്കികളും നിർമ്മിച്ച് അദ്ദേഹം സ്വന്തമായി ഒരു നാവിക സേനയെ പടുത്തുയർത്തി.
കടൽ മാർഗ്ഗം ആക്രമണം നടത്തി ഓരോ സമയങ്ങളിലും കടന്നു വന്ന അധിനിവേശ ശക്തികളെ നേരിടാൻ അദ്ദേഹം നിരവധി യുദ്ധോപകരണങ്ങൾ നിർമ്മിക്കുകയും വാങ്ങുകയും ചെയ്തു. കടൽകൊള്ളക്കാരിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ അദ്ദേഹം കൊങ്കൺ തീരമുൾപ്പെടെ ജയ്ഗഢ്, വിജയദുര്ഗ്, സിന്ധുദുര്ഗ് തുടങ്ങയ ഇടങ്ങളിൽ കോട്ടകൾ സ്ഥാപിച്ചു.
കോട്ടകളിലും കടൽ തീരങ്ങളിലും നൂറ് കണക്കിന് പടയാളികളെ വിന്യസിപ്പിച്ചു. പോർച്ചുഗീസുകാരിൽ നിന്നും വാങ്ങിയ 400 പടക്കപ്പലുകളുമായി ശിവാജിയുടെ പടയാളികൾ കടലിന്റെ കാവൽ ഏറ്റെടുത്ത് പലയിടങ്ങളിലായി നിലയുറച്ചു. കൃത്യമായ തന്ത്രം മെനഞ്ഞുകൊണ്ട് ഓരോ ചുവടും കരുതലോടെ മുന്നോട്ട് നീങ്ങാൻ തന്റെ പടയാളികൾക്ക് അദ്ദേഹം നിർദ്ദേശം നൽകി. കടൽത്താവളങ്ങൾ, കോട്ടകൾ, സൈനികർക്കുള്ള താവളം, വ്യാപാര സാമഗ്രികളുടെ സംഭരണം എന്നിവ ഉണ്ടാക്കി രാജ്യത്തിന്റെ കരുത്ത് വർധിപ്പിക്കുകയും വിദേശീയരും, കടൽക്കൊള്ളക്കാരും നടത്തുന്ന ആക്രമണത്തെ ചെറുത്ത് തോൽപ്പിക്കുകയും ചെയ്തു.
ഛത്രപതി ശിവാജി തന്റെ രാജ്യത്തെ സംരക്ഷിക്കുകയും കടൽ മാർഗ്ഗമുള്ള സുരക്ഷ വർദ്ധിപ്പിക്കാൻ സ്വന്തമായി സംവിധാനമുണ്ടാക്കുകയും ചെയ്തു. രാജ നൈതീക തന്ത്രങ്ങളും ശക്തമായ നാവികസേനയുമാണ് അദ്ദേഹത്തെ ഇന്ത്യൻ നേവിയുടെ പിതാവായി അവരോധിക്കാൻ കാരണം. കടലിലെ കഴുകന്മാരായി നിലയുറപ്പിച്ച് കിടക്കുന്ന ഇന്ത്യൻ നേവിയെ വീരേതിഹാസം സൃഷ്ടിച്ച യുദ്ധ തന്ത്രജ്ഞൻ ഛത്രപതി ശിവാജിയുടെ പിൻഗാമികളെന്നാണ് അറിയപ്പെടുന്നത്. ശിവാജിയുടെ രാജമുദ്ര നാവികസേനയുടെ കൊടിയിൽ ആലേഖനം ചെയ്തതും അതുകൊണ്ട് തന്നെ.
Comments