തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്തംബർ ആറ് വരെ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടാണ്.ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ശനിയാഴ്ച വരെ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.
സെപ്തംബർ അഞ്ചിന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ആറിന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ശനിയാഴ്ച(സെപ്തംബർ 3) കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണമെന്നാണ് നിർദ്ദേശം. തമിഴ്നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയും തമിഴ്നാട് മുതൽ പടിഞ്ഞാറൻ വിദർഭ വരെ നീണ്ടുനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുമാണ് മഴയ്ക്ക് കാരണം.
Comments