വാഷിംഗ്ടൺ: ഇന്ധനം നിറയ്‌ക്കുന്നതിനിടെ വീണ്ടും സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ചാന്ദ്രദൗത്യം ആർട്ടിമിസ്-1 വിക്ഷേപണം രണ്ടാമതും മാറ്റിവെച്ചതായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. റോക്കറ്റിലേക്ക് ദ്രവഹൈഡ്രജൻ പമ്പ് ചെയ്യുന്നതിനിടെ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റി വെക്കാൻ തീരുമാനിച്ചത്. മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കാൻ ലക്ഷ്യമിട്ടുള്ള ബൃഹത് പദ്ധതിയുടെ ഭാഗമാണ് ആർട്ടിമിസ് ഒന്നാം ദൗത്യം.
ഇന്ധന ടാങ്കിൽ നാല് തവണയാണ് ചോർച്ച കണ്ടെത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ ഗുരുതരമാണ് ഇത്തവണ കണ്ടെത്തിയ പ്രശ്നം. എഞ്ചിൻ തണുപ്പിക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ തവണ ചോർച്ചയുണ്ടായത്.
അടുത്ത വിക്ഷേപണ ദിവസമായി തീരുമാനിക്കപ്പെട്ടിരിക്കുന്നത് തിങ്കളാഴ്ചയാണ്. എന്നാൽ തിങ്കളാഴ്ചയ്‌ക്ക് മുൻപ് പ്രശ്നം പരിഹരിക്കപ്പെടുമോ എന്ന കാര്യത്തിൽ നാസ സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. തിങ്കളാഴ്ചയും വിക്ഷേപണം നടന്നില്ലെങ്കിൽ ദൗത്യം കൂടുതൽ നീളാനാണ് സാദ്ധ്യത.
Comments