ന്യൂഡൽഹി: ഭാവിയിൽ ശുക്രനിലേക്കും ചൊവ്വയിലേക്കും പര്യവേഷണ ദൗത്യങ്ങൾ വ്യാപിപ്പിക്കുന്നതിലേക്കുള്ള ആദ്യ പടവുകൾ താണ്ടി ഐ എസ് ആർ ഒ. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നും നടത്തിയ ഐ എ ഡി( ഇൻഫ്ലേറ്റബിൽ ഏയ്റോഡൈനാമിക് ഡീസെലറേറ്റർ) പരീക്ഷണം വിജയകരമായിരുന്നതായി ഐ ഏസ് ആർ ഒ അറിയിച്ചു.
ഐ എ ഡിയെ 84 കിലോമീറ്റർ ഉയരത്തിലെത്തിക്കാൻ റോക്കറ്റിന് സാധിച്ചു. രോഹിണി-300 (RH300MKII) റോക്കറ്റിലായിരുന്നു പരീക്ഷണം. പറന്നുയർന്ന് 100 സെക്കൻഡുകൾക്കുള്ളിൽ നോസ്കോൺ വേർപെടുകയും തുടർന്നുള്ള പത്താം സെക്കൻഡിൽ വാതക അറയിൽ സംഭരിച്ചിരുന്ന നൈട്രജൻ ഉപയോഗിച്ച് ഐ എ ഡി നിർദ്ദിഷ്ട രൂപാന്തരത്തിലേക്ക് എത്തുകയും ചെയ്തു. എഫ് എൽ എസ് സി സംവിധാനം ഉപയോഗിച്ച് ഇരുന്നൂറാം സെക്കൻഡിൽ മോട്ടോറിൽ നിന്നും പേലോഡ് വേർപെട്ടു.
പരീക്ഷണത്തിനിടയിൽ പേലോഡിന്റെ പ്രവേഗം നിശ്ചിതമായ വിധത്തിൽ കുറയ്ക്കാൻ ഐ എ ഡിക്ക് സാധിച്ചു. ദൗത്യത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയകരമായിരുന്നതായി ഐ എസ് ആർ ഒ വ്യക്തമാക്കി.
Comments