അബുദാബി : സൈബർ കുറ്റകൃത്യങ്ങളുടെ അപകടങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്യാമ്പെയ്ൻ അബുദാബിയിൽ ആരംഭിച്ചു. സുരക്ഷിതമായിരിക്കുക എന്ന പ്രമേയത്തിൽ അബുദാബി നിയമ വകുപ്പിലെ മസൂലിയ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നവംബർ അവസാനം വരെ ക്യാമ്പെയ്ൻ നീണ്ടു നിൽക്കും .സ്കൂളുകളിലും സർവ്വകലാശാലകളിലും ബോധവൽക്കരണ പ്രഭാഷണങ്ങളും വിവിധ മാദ്ധ്യമങ്ങളിലൂടെയും സമൂഹ്യ മാദ്ധ്യമ പ്ലാറ്റ്ഫോമുകളിലും 30-ലേറെ പ്രഭാഷണങ്ങളും നടത്തും. കുട്ടികൾ കുറ്റവാളികളോ ഇരകളോ ആകാതിരിക്കാൻ സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് എങ്ങനെ സംരക്ഷിക്കാമെന്ന് മാതാപിതാക്കളെ ബോധവത്കരിക്കും.
ഇലക്ട്രോണിക് തട്ടിപ്പിലേയ്ക്ക് നയിക്കുന്ന കാരണങ്ങളും ഘടകങ്ങളും, സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകൾ ദുരുപയോഗം ചെയ്യുന്നതിന്റെ അപകടസാധ്യതകൾ, അതനുസരിച്ച് ഉപയോക്താക്കളുടെ നിയമപരമായ ഉത്തരവാദിത്തം എന്നിവയിലൂന്നിയും ബോധവത്കരണം നടക്കും.
ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയും ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് അബുദാബിയിലെ വിദ്യാഭ്യാസ-വിജ്ഞാന വകുപ്പ്, സർവ്വകലാശാലകൾ, മാദ്ധ്യമങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിക്കുന്നത്.
Comments