ന്യൂഡൽഹി : ഭർതൃപിതാവിനെ ക്രൂരമായി മർദ്ദിച്ച് പോലീസ് സബ് ഇൻസ്പെക്ടർ. അമ്മയുടെയും സഹപ്രവർത്തകനായ ഒരു പോലീസുകാരന്റെയും മുന്നിൽ വച്ചായിരുന്നു പിതാവിനെ ഉദ്യോഗസ്ഥ മർദ്ദിച്ചത്. ഡൽഹി ലക്ഷ്മി നഗറിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ് .
യുവതി നിരവധി തവണ ഭർതൃപിതാവിനെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദ്ദനം തുടങ്ങുന്നതിന് മുമ്പും യുവതിയും അമ്മയും ഭർതൃ പിതാവുമായി തർക്കിക്കുന്നുണ്ട്. പിന്നാലെ മർദ്ദിക്കുന്നതിന് അമ്മയും പിന്തുണ നൽകുന്നുണ്ട്.
ഒടുവിൽ കൂടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥൻ ഇടപെടുകയും തല്ലുന്നത് നിർത്തിക്കുകയുമാണ് ചെയ്യുന്നത്.നഗരത്തിലെ ഡിഫൻസ് കോളനി പോലീസ് സ്റ്റേഷനിലാണ് ഇവർ ജോലി ചെയ്യുന്നത്. സംഭവം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡിഫൻസ് കോളനി പോലീസ് അറിയിച്ചു.
ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. കാരണം എന്തായാലും പ്രായം പോലും വകവയ്ക്കാതെ ഒരാളെ ഇത്തരത്തിൽ ക്രൂരമായി മർദ്ദിക്കുന്ന ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിക്കണം എന്ന് പലരും അഭിപ്രായപ്പെടുന്നു.
Comments