ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെയാണ് വധിച്ചത്. പ്രദേശത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു.
പോഷ്ക്രീരി മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരർ ഒളിച്ച് താമസിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. ഭീകരരുടെ ഒളിത്താവളത്തിന് സമീപം എത്തിയതോടെ നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും തിരിച്ചടിച്ചു.
ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. സമീപ പ്രദേശങ്ങളിലും ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാമത്തെ ഏറ്റുമുട്ടലാണ് ജമ്മു കശ്മീരിൽ ഉണ്ടാകുന്നത്. ഇന്നലെ ഷോപ്പിയാനിലും ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയിരുന്നു.
Comments