തിരുവനന്തുപുരം: നന്മയുടെയും ഒരുമയുടെയും പൊൻവെളിച്ചമേകി ഇന്ന് തിരുവോണം. വറുതിയുടെ കർക്കിടകത്തിന് ശേഷം സമൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം ആഘോഷപൂർവ്വം കൊണ്ടാടുന്ന തിരക്കിലാണ് മലയാളികൾ. രണ്ട് വർഷം ആഘോഷങ്ങളിൽ കൊറോണ മഹാമാരിയേൽപ്പിച്ചതിന് ശേഷം ഒന്നിച്ചോണം ആഘോഷിക്കുന്ന സന്തോഷത്തിലാണ് കുടുംബങ്ങൾ. ഓണക്കോടിയുടുത്തും പൂക്കളം തീർത്തും സദ്യവട്ടമൊരുക്കിയും ഓണാഘോഷം തകൃതിയാകുകയാണ്.
സ്കൂളൂകളിലും കോളേജുകളിലും ഓഫീസുകളിലുമെല്ലാം ഇത്തവണ ഓണാഘോഷങ്ങൾ ഗംഭീരമായി തന്നെ നടന്നിരുന്നു. ഒട്ടും മാറ്റുകുറയാതെ വീടുകളിലും ഓണം ആഘോഷിക്കുകയാണ് മലയാളികൾ.
ഉത്രാടപാച്ചിലിന് ശേഷം ആഘോഷ തിമിർപ്പിലേക്ക് മുങ്ങിയിരിക്കുകയാണ് മലയാളക്കരയൊന്നാകെ.അരിപ്പൊടിക്കോലങ്ങളെഴുതിയും പൂക്കളമിട്ടും തൃക്കാരയപ്പനെ പൂജിച്ചും പ്രജകളെ കാണാനെത്തുന്ന മഹാബലി തമ്പുരാനെ കാത്തിരിക്കുകയാണ് ഓരോ മലയാളി വീടും.
എല്ലാ മലയാളികൾക്കും ജനം ടിവിയുടെ ഓണാശംസകൾ
Comments