കുളു: പർവ്വതാരോഹക സംഘത്തിലെ നാലുപേർ ഹിമാചൽ പ്രദേശിലെ കുളു മലനിരയിൽ അപകടത്തിൽപെട്ടെന്ന് റിപ്പോർട്ട്. സെപ്തംബർ 7ന് ശേഷം ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കുന്നില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ഹിമാലയൻ മലനിരയിലെ അലി രാത്‌നി തിബ്ബ എന്ന പർവ്വത മേഖലയിലേയ്‌ക്കാണ് നാൽവർ സംഘം പുറപ്പെട്ടത്. സമുദ്ര നിരപ്പിൽ നിന്ന് 5458 മീറ്റർ ഉയരത്തിലുള്ള പർവ്വത നിരയാണിത്.
നാലുപേരും പശ്ചിമബംഗാളിൽ നിന്നുള്ള പർവ്വതാരോഹകരാണ്. ഹിമാചൽ പ്രദേശ് സംസ്ഥാന ദുരന്ത നിവാരണ സേന തിരച്ചിൽ ആരംഭിച്ചുവെന്നാണ് വിവരം. അഭിഷേക് ബാനിക്(43), ചിൻമോയ് മണ്ഡൽ(43), ദിബാഷ് ദാസ്(37), ബിനോയ് ദാസ്(31) എന്നിവരാണ് കുളു മലനിരയിലേയ്‌ക്ക് കാൽനടയായി യാത്രപുറപ്പെട്ടത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ടു പേരും ഒരു പാചകക്കാരനും തിരികെ താഴെയെത്തിയ ശേഷമാണ് നാലുപേരെ കാണാതായ വിവരം അറിയിച്ചത്. മലാനാ എന്ന താഴ്വരയിലെത്തിയാണ് രക്ഷപെട്ടവർ അപകട വിവരം അധികൃതരെ അറിയിച്ചത്.
അപകട വിവരം അറിഞ്ഞതിനെ തുടർന്ന് ഹിമാചലിലെ രക്ഷാ സംഘം മലനിരയിലേക്ക് കയറിയിരിക്കുകയാണ്. അടൽ ബിഹാരി വാജ്‌പേയ് പർവ്വതാരോഹക ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധന്മാരാണ് ദുരന്ത നിവാരണ സേനയ്‌ക്കൊപ്പം പുറപ്പെട്ടിരിക്കുന്നത്.
Comments