തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്ര-ഒഡീഷ തീരത്തിന് അകലെയായി രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിലാണ് ഇന്ന് മുതൽ കേരളത്തിൽ വ്യാപകമഴ പെയ്യുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്കാണ് സാധ്യത. ഇതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
നിലവിൽ മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുകയാണ്. അടുത്ത അഞ്ചു ദിവസം ഈ സ്ഥിതി തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്നും ഇന്നും നാളെയും മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Comments