ന്യൂഡൽഹി: മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടാൻ ശ്രമിച്ച മോഷ്ടാവിനെ പിടിച്ച് നിർത്തി ഫോൺ തിരികെ വാങ്ങിയ യുവതിയെ പ്രശംസിച്ച് നാട്ടുകാർ. ബറാദർപൂരിലെ താജ്പൂർ പഹരിയിൽ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ അജ്ഞാതൻ തടഞ്ഞു നിർത്തുകയും മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടാൻ ശ്രമിക്കുകയുമായിരുന്നു. മോഷ്ടാവിന്റെ ഷർട്ടിന്റെ കോളറിൽ പിടികൂടിയ യുവതി ഇയാളെ തടഞ്ഞു നിർത്തുകയും ഫോൺ തിരിച്ച് വാങ്ങാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ നിവർത്തി ഇല്ലാതായപ്പോൾ ഫോൺ തിരികെ കൊടുത്ത് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ഫോൺ തട്ടിയെടുക്കാൻ പാഞ്ഞു വന്ന മോഷ്ടാവിനെ നേരിടുന്ന യുവതിയുടെ സി സി ടി വിയിൽ പതിഞ്ഞ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. മോഷ്ടാവ് ആക്രമിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിനെ ധീരമായി നേരിടുന്ന യുവതി ധൈര്യത്തിന്റെ പ്രതീകമാണെന്നാണ് ചിലർ പറയുന്നത്.
സംഭവ സ്ഥലത്ത് സ്ഥാപിച്ച് സി സി ടി വിയിൽ പതിഞ്ഞ 14 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ വൻ ഹിറ്റായി കഴിഞ്ഞു. മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുന്ന മോഷ്ടാവിനെതിരെ കേസെടുത്ത് തിരച്ചിൽ ആരംഭിച്ചതായി ഡി സി പി ഇഷ പാണ്ഡെ പറഞ്ഞു.
Comments