ന്യൂഡൽഹി : ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ . ലോക ക്ഷീര ഉച്ചകോടി 2022 ൽ സംസാരിക്കുകയായിരുന്നു അമിത്ഷാ. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ സഹകരണ മേഖലയും നിർണായക പങ്ക് വഹിക്കും. 2024 നകം ഗ്രാമതലത്തിൽ 2 ലക്ഷം പുതിയ ക്ഷീര സഹകരണ സംഘങ്ങൾ സ്ഥാപിക്കാൻ സർക്കാർ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക സാങ്കേതിക വിദ്യകൾ ക്ഷീര വ്യവസായത്തിൽ ഉൾപ്പെടുത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ വ്യവസായം നശിച്ചുപോകും. രാജ്യത്തെ ദരിദ്രജനങ്ങൾക്ക് വിതരണം ചെയ്യുന്നതിനും പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കണം. പാൽ സംസ്‌കരണത്തിന് ഉപയോഗിക്കുന്ന യന്ത്രസാമഗ്രികളുടെ നിർമ്മാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014ൽ ലോകത്തിലെ 11-ാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിരുന്നു ഇന്ത്യ.ഇപ്പോൾ അത് അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയിരിക്കുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ സർക്കാർ അത് മൂന്നാം സ്ഥാനത്ത് എത്തിക്കുമെന്ന് തനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട്. സ്ത്രീ ശാക്തീകരണത്തിലും പോഷകാഹാരക്കുറവിനെതിരെ പോരാടുന്നതിലും ക്ഷീര സഹകരണ സംഘങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ഗ്രാമീണ വികസനത്തിൽ സഹകരണ മേഖലയും ക്ഷീര സഹകരണ സംഘങ്ങളും വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്. ജൈവകൃഷിയും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് മൾട്ടി കോ-ഓപ്പറേറ്റീവ് സൊസൈറ്റികളും. ജൈവ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ മാസം അവസാനത്തോടെ അമുൽ കയറ്റുമതി കേന്ദ്രവും സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 48 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഉച്ചകോടി സംഘടിപ്പിക്കുന്നതെന്നും അദ്ദഹം കൂട്ടിച്ചേർത്തു.
Comments