ഇടുക്കി : മുൻ മന്ത്രിയും ജനതാദൾ സംസ്ഥാന പ്രസിഡന്റുമായിരുന്ന എൻഎം ജോസഫ് (79) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു . പുലർച്ചെ മൂന്ന് മണിയോടെ പാലാ മരിയൻ മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ നടത്തും.
മൃതദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് പാലായിലെ വസതിയിൽ എത്തിച്ച് പൊതു ദർശനത്തിനു വെയ്ക്കും. നാളെ ഔദ്യോഗിക ബഹുമതികളോടെ പാലാ അരുണാപുരം സെൻറ് തോമസ് പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
കോൺഗ്രസ്സ് വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് ജോസഫ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1987ൽ പൂഞ്ഞാറിൽ നിന്ന് എംഎൽഎ ആയി വിജയിച്ചു. നായനാർ മന്ത്രി സഭയിൽ വനം വകുപ്പ് മന്ത്രി ആയിരുന്നു. പി.സി. ജോർജിനെയാണ് അന്ന് തിരഞ്ഞെടുപ്പിൽ ജോസഫ് തോൽപ്പിച്ചത്. പ്രവിത്താനം ആദോപ്പള്ളിൽ കുടുംബാംഗം ആയ മോളിയാണ് ഭാര്യ
Comments