കൊച്ചി: പത്ത് ലക്ഷം രൂപ ചിലവാക്കി അറ്റകുറ്റപ്പണി നടത്തിയ റോഡ് ഒരു മാസത്തിനുള്ളിൽ തകർന്ന സംഭവത്തിൽ ജില്ലാ ഭരണകൂടത്തോട് വിശദീകരണം തേടി ഹൈക്കോടതി. ഒരു മാസം മുൻപ് ശരിയാക്കിയ റോഡ് തകർന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു.
ആലുവ- പെരുമ്പാവൂർ റോഡാണ് അറ്റകുറ്റപ്പണി ചെയ്ത് ഒരു മാസത്തിനുള്ളിൽ തകർന്നത്. ഈ സാഹചര്യത്തിൽ, റോഡിന്റെ നിലവിലെ അവസ്ഥ പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി നിരവധി തവണ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെങ്കിൽ പേര് കെ-റോഡ് എന്നാക്കി മാറ്റണോയെന്ന് കോടതി ചോദിച്ചിരുന്നു. സംസ്ഥാനത്ത് അനുദിനം റോഡപകടങ്ങൾ വർദ്ധിച്ചുവരികയാണ്. ഇത് അനുവദിക്കാനാകില്ല. മികച്ച റോഡുകൾ എന്നത് പൊതുജനത്തിന്റെ അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
മോശം അവസ്ഥയിലായ റോഡുകളിൽ അറ്റകുറ്റപ്പണി നടത്താതെ ആ പണം മറ്റാവശ്യങ്ങൾക്കായി സർക്കാർ ഉപയോഗിക്കുന്നു. നിർമ്മാണം പൂർത്തിയായി ആറ് മാസത്തിനുള്ളിൽ റോഡ് തകർന്നാൽ വിജിലൻസ് കേസ് എടുക്കണം. റോഡ് പണിയ്ക്ക് നേതൃത്വം നൽകുന്ന എൻജിനീയർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
Comments