കോട്ടയം: ചങ്ങനാശേരി പെരുന്നയിൽ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ. തെരുവുനായ ആക്രമണവും പേ വിഷബാധയേറ്റുളള മരണവും വലിയ ചർച്ചകളാകുന്നതിനിടയിലാണ് സംഭവം. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമാണ് സംഭവം ഉണ്ടായത്.
ഇന്ന് രാവിലെയാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ നാട്ടുകാർ കണ്ടത്. വൈദ്യുത പോസ്റ്റിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. എന്നാൽ ആരാണ് ചെയ്തതെന്ന് വ്യക്തമല്ല. ഇതിന് താഴെയായി വാഴയിലയിൽ പൂവുകളും ഇട്ടിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
പ്രദേശത്ത് സ്ഥിരമായി ആളുകളെ ശല്യം ചെയ്തിരുന്ന നായയാണിതെന്ന് നാട്ടുകാർ പറയുന്നുണ്ട്. കഴിഞ്ഞ ദിവസവും നായ ഒരു വീട്ടമ്മയെ ഓടിച്ചിരുന്നതായും ഇവർ പറയുന്നു.
ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ജഡം അവിടെ നിന്നും നീക്കുകയും ചെയ്തു. ആരാണ് ചെയ്തതെന്ന് അറിയില്ലെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം കോട്ടയം മുളക്കുളത്ത് നായകൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയതും വാർത്തയായിരുന്നു. തുടർന്ന് നായകളുടെ ജഡങ്ങൾ പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുമെന്നും പോലീസ് അറിയിച്ചിരുന്നു. വിഷം നൽകി കൊന്നതാണെന്ന് ആരോപണം ഉയർന്നതോടെയാണ് പോലീസ് നടപടി.
Comments