തിരുവനന്തപുരം: തെരുവ് നായകൾ കടിക്കുന്നതിന് പ്രധാന കാരണം ആഹാരം കിട്ടാത്തതിനാലാണെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. തെരുവിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നിടത്താണ് തെരുവ് നായ്‌ക്കളുടെ ആക്രമണം കൂടുതലും റിപ്പോർട്ട് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. മൂന്ന് ലക്ഷത്തിലധികം നായകൾ തെരുവിൽ അലയുന്നുണ്ട്. അവയ്‌ക്ക് വാക്‌സിൻ നൽകാൻ 6 ലക്ഷത്തോളം ഡോസുകൾ കരുതിയിട്ടുണ്ടെന്നും അടിയന്തരമായി നടപടികൾ കൈക്കൊള്ളുമെന്നും ചിഞ്ചു റാണി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കേരളത്തിലെ മുഴുവൻ കോർപ്പറേഷനിലും അടിയന്തര നടപടി എടുക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ക്യാമ്പുകൾ സംഘടിപ്പിക്കും. അവിടെ വെച്ച് വീട്ടിൽ വളർത്തുന്നവയ്‌ക്കും തെരുവ് നായകൾക്കും വാക്സിൻ കുത്തിവെയ്പ്പ് നടത്തുമെന്നും മന്ത്രി പറഞ്ഞു. 2025-ഓടെ തെരുവ് നായ്‌ക്കളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവരുമെന്നും ചിഞ്ചു റാണി വ്യക്തമാക്കി.
തെരുവ് നായ്‌ക്കളുടെ കടി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ അടിയന്തര ഇടപെടൽ നടത്തും. വീട്ടിൽ വളർത്തുന്ന നായ്‌ക്കൾക്ക് ഉടൻ തന്നെ ലേബൽ കൊടുക്കണമെന്ന് കോർപ്പറേഷനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും മൃഗ ഡോക്ടർമാർ ആവശ്യമാണ്. എന്നാൽ നിലവിൽ അത് സാധ്യമല്ല. അതിനുള്ള നടപടി സ്വീകരിക്കുമെന്നും ഡോക്ടർമാർ ഇല്ലാത്ത സ്ഥലങ്ങളിൽ എംപ്ലോയ്മെന്റ് എക്ചേഞ്ചുകളിൽ നിന്ന് ആളുകളെ എടുക്കാൻ തീരുമാനം എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments