ടെൽ അവീവ്: സിറിയ കേന്ദ്രീകരിച്ച് ഇറാൻ നടത്തുന്ന ആയുധനിർമ്മാണത്തിൽ ആശങ്കയും ഒപ്പം മുന്നറിയിപ്പുമായി ഇസ്രായേൽ. സിറിയയുടെ പത്ത് സൈനിക താവളങ്ങൾ കേന്ദ്രീ കരിച്ച് ഇറാൻ ആയുധ നിർമ്മാണവും സംഭരണവും നടത്തുകയാണെന്നാണ് കണ്ടെത്തൽ. ഒപ്പം ആഴ്ചകൾക്കുള്ളിൽ മൂന്ന് ആണവ മിസൈലുകൾവരെ തയ്യാറാക്കാവുന്ന സംവിധാനം ഇറാൻ ഒരുക്കിയെന്നുമാണ് ഇസ്രായേൽ ആരോപിക്കുന്നത്. ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സാണ് ഇറാൻ -സിറിയ ആയുധ ഇടപാടുകളെക്കുറിച്ച് വിശദീകരിച്ചത്.
ഇറാൻ സിറിയ ആയുധ നിർമ്മാണ സഹകരണം മേഖലയിലെ ഭീകരത വളർത്തുകയാണ്. ആണവായുധത്തിലേയ്‌ക്ക് ആ ബന്ധം നീങ്ങുന്നത് ശക്തമായ വെല്ലുവിളിയാണെന്നും ഗാന്റ്‌സ് പറയുന്നു. വിശദമായ ഭൂപടം വെച്ചും ഉപഗ്രഹചിത്രങ്ങൾ വെച്ചുമാണ് ഗാന്റ്‌സ് ഇറാന്റെ നീക്കം വിശദീകരിച്ചത്. ഹെസബുള്ള ഭീകരരെ പേരെടുത്ത് വിമർശിച്ച, ഇസ്രായേൽ പ്രതിരോധ മന്ത്രി സിറിയയെ ഭീകരതയുടെ വ്യവസായ ശാലയെന്നാണ് വിശേഷിപ്പിച്ചത്. പലയിടത്തും ഭൂഗർഭ വ്യവസായ ശാലകൾ പണിതാണ് ഇറാൻ മറ്റ് രാജ്യങ്ങളിൽ ആയുധ നിർമ്മാണം നടത്തുന്നതെന്നും ഇസ്രായേൽ തെളിവു നിരത്തുകയാണ്.
ഇസ്രായേലിനെ എന്നും ലക്ഷ്യമിടുന്ന ഭീകരരേയും രാജ്യങ്ങളേയും ശക്തിപ്പെടുത്തുന്നതും അവർക്ക് ആയുധം നൽകുന്നതും ഇറാനാണ്. സംശയം തോന്നു കേന്ദ്രങ്ങൾ ഇറാനിൽ കടന്നുചെന്ന് വ്യോമാക്രമണം നടത്തി തകർക്കുന്ന രീതി ഇസ്രായേൽ വർദ്ധിപ്പിക്കുമെന്ന സൂചന കൂടിയാണ് ഗാന്റ്‌സിന്റെ പ്രസ്താവന. സിറിയിയിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ച് രണ്ടാഴ്ചയ്‌ക്കുള്ളിലാണ് ഇസ്രായേൽ ഇറാനെ കേന്ദ്രീകരിച്ച് മുന്നറിയിപ്പ് നൽകുന്നത്. യമനിലും ലെബനനിലും ഇറാൻ ആയുധ നിർമ്മാണം നടത്തുന്നുവെന്നും ഗാന്റ്‌സ് കൂട്ടിച്ചേർത്തു.
Comments