മലപ്പുറം: ചത്ത നായയെ കുഴിച്ചിടുന്നതിനെ ചൊല്ലി യുഡിഎഫ്- എൽഡിഎഫ് പഞ്ചായത്തംഗങ്ങൾ തമ്മിൽ തർക്കം. മലപ്പുറം ഏറനാട് ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണയിലാണ് സംഭവം.
ചൊവ്വാഴ്ച രാവിലെയാണ് ഇടിവണ്ണയിൽ ചത്ത തെരുവ് നായയെ കണ്ടെത്തിയത്. നായയെ കുഴിച്ചിടാൻ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ രണ്ടാം വാർഡ് അംഗത്തെ വിളിച്ചപ്പോൾ, നായ ചത്തത് മൂന്നാം വാർഡിലാണ് എന്നായിരുന്നു മെമ്പറുടെ മറുപടി. മൂന്നാം വാർഡ് അംഗം സംഭവത്തോട് പ്രതികരിക്കാനും തയ്യാറായില്ല. തെരുവ് നായയെ കുഴിച്ചിടുന്നയാൾക്ക് 400 രൂപ പാരിതോഷികം എന്ന വാഗ്ദാനവുമായി നേതാക്കൾ രംഗത്തെത്തിയെങ്കിലും, ആധാർ കാർഡിന്റെ കോപ്പി വേണമെന്നും പണം കിട്ടാൻ വൈകുമെന്നും കേട്ടതോടെ തൊഴിലാളികൾ പിന്മാറി.
ഇതോടെ, യു ഡി എഫ് ജനപ്രതിനിധികളും എൽ ഡി എഫ് ജനപ്രതിനിധികളും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തി. കവലയുടെ ഒരു ഭാഗം രണ്ടാം വാർഡും ഒരു ഭാഗം മൂന്നാം വാർഡുമാണ്. ഒരു മെമ്പർ യുഡിഎഫും ഒരു മെമ്പർ എൽഡിഎഫും ആയതാണ് പ്രശ്നം രൂക്ഷമാക്കിയത്. ഇതിനിടെ നാട്ടുകാർ സംഭവം ജില്ലാ കളക്ടറെ അറിയിക്കുകയായിരുന്നു.
കളക്ടർ സംഭവത്തിൽ ഇടപെട്ടതോടെ പഞ്ചായത്ത് അധികൃതർ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. നായയെ കുഴിച്ചിടാൻ വന്നയാൾക്ക് 500 രൂപ ഉടനടി നൽകാൻ പഞ്ചായത്ത് അധികൃതർ തയ്യാറായി. ഇതോടെ നായയെ കുഴിച്ചിട്ട് പ്രശ്നം പരിഹരിച്ചു. രാവിലെ തുടങ്ങിയ നായ പ്രശ്നം വൈകുന്നേരം 4 മണിയോടെ പരിഹരിച്ചതിൽ ആശ്വസിച്ച് നാട്ടുകാരും മടങ്ങി.
Comments