കെഎസ്ആർടിസി ബസിൽ ഫോൺ മറന്നുവെച്ച് പോയവർക്ക് അത് പുറകേ ഓടിച്ചെന്ന് തിരിച്ചുകൊടുത്ത കണ്ടക്ടറാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിലെ താരം. കൊല്ലത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടറാണ്, മറന്നുവെച്ച ഫോൺ അര കിലോമീറ്ററോളം ദൂരം തിരികെ പോയി ഉടമയ്‌ക്ക് തിരിച്ചേൽപ്പിച്ചത്. ലിതിൻ എന്ന് പേരുള്ള കണ്ടക്ടറെക്കുറിച്ച് ഷിബു സി കാർത്തികേയൻ എന്നയാൾ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുകയാണ്.
കൊല്ലത്തേക്കുള്ള ബസ് സ്റ്റോപ്പിൽ നിർത്തിയപ്പോൾ ഒരു സംഘം ആളുകൾ പുറത്തേക്കിറങ്ങി. ബസ് അര കിലോമീറ്റളോളം ദൂരം നീങ്ങിയ ശേഷമാണ് ഇവരുടെ ഫോൺ ബെൽ അടിച്ചത്. വണ്ടിയിലുള്ള ആരുടെയുമല്ല ഫോണെന്ന് മനസിലാക്കിയ കണ്ടക്ടർ ബസിൽ നിന്നിറങ്ങി പുറകോട്ട് ഓടി. എല്ലാവരും എന്താണ് നടക്കുന്നത് എന്ന് മനസിലാകാതെ നോക്കി നിൽക്കുകയായിരുന്നു.
എന്നാൽ കണ്ടക്ടർ ബസിൽ നിന്നിറങ്ങിയ സംഘത്തെ കണ്ട് ഫോൺ ഏൽപ്പിച്ച് രണ്ട് മിനിറ്റിനകം തന്നെ തിരികെ എത്തി. കളഞ്ഞുപോകുന്ന സാധനം അടുത്ത ഡിപ്പോയിൽ ഏല്പിച്ചാൽ മതി അതാണ് നിയമം. പക്ഷെ ഇത്തരം മാനുഷിക നിലപാടുകൾ നല്ലതാണെന്ന് കുറിപ്പിൽ പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
ഇതൊക്കെ ഇട്ടില്ലെങ്കിൽ പിന്നെന്ത fb
രാവിലെ ആലപ്പുഴ നിന്നും കൊല്ലത്തേയ്‌ക്ക് കെ.എസ്. ആർ.ടി.സി സൂപ്പറിൽ കയറി
നല്ല തിരക്ക് സീറ്റില്ല
കണ്ടക്ടർ ടിക്കറ്റ് കൊടുക്കാൻ എഴുന്നേറ്റ ഗ്യാപ്പിലമർന്നു
ജനറൽ ഹോസ്പിറ്റൽ ആയപ്പോൾ അദ്ദേഹം തിരികെ എത്തി
എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ
വേണ്ട!
അപ്പോൾ തന്നെ ഒരു പ്രത്യേകത മണത്തു…
ഓരോ സ്റ്റോപ്പിലും എത്തുമ്പോൾ മുന്നിൽ വരെ കേൾക്കുമാറുച്ചത്തിൽ സ്ഥലം വിളിച്ചു പറയുന്നത് ശ്രദ്ധിച്ചു
വണ്ടി ഓച്ചിറ എത്തി, 5 – 6 പേരടങ്ങിയ സംഘം അവിടെ ഇറങ്ങി
ഡബിൾ ബല്ല് മുഴങ്ങി.
വണ്ടി 500-600 മീറ്റർ മുന്നോട്ട് പോയി
ദേ ഒരു ഫോൺ …….
ഇപ്പോൾ ഇറങ്ങിയവരുടേതാ….
മുന്നിൽ നിന്നൊരു വിളി. കണ്ടക്ടർ വേഗം മുന്നിലെത്തി. വണ്ടി നിന്നു
ഫോണെടുത്തു ആരും വരുന്നില്ല
യാത്രക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഫോണുമായി കണ്ടക്ടർ പുറത്തേയ്‌ക്ക് എന്താണ് ഉദ്ദേശം …?
പുറകിലേയ്‌ക്ക് നടന്നു
അല്ല …. അദ്ദേഹം ഓടുകയാണ്. ബസിന്റെ പിന്നിലെ ചില്ലിലൂടെ ആ കാഴ്ച മറഞ്ഞു
2-3 മിനിട്ടിന്നുള്ളിൽ ദാ അദ്ദേഹം തിരികെ ഓടി വരുന്നു. ഓടിയതിന്റെ തളർച്ച ശരീരത്തിനുണ്ട്
പക്ഷെ ദൗത്യം പൂർത്തീകരിച്ച തൃപ്തി മനസ്സിലുണ്ടാവാം.
ഒരു ചെറിയ കാര്യമാവാം.. അടുത്ത ഡിപ്പോയിൽ ഏല്പിച്ചാൽ മതി അതാണ് നിയമം
പക്ഷെ ഇത്തരം മാനുഷിക നിലപാടുകൾ …..
ഞാൻ നിയമം വിട്ടൊന്നും ചെയ്യില്ല എന്ന വീമ്പിളക്കലുകാർക്ക് ഗുണപ്പെടും
ഇറങ്ങിയപ്പോൾ പേര് ചോദിച്ചു, ലിതിൻ എന്നാണ് കേട്ടത്
Comments